2010 നവംബർ 5, വെള്ളിയാഴ്‌ച

പ്രേമം

ചകിരി തല്ലുന്ന പെണ്‍കുട്ടി
പോലീസുകാരനെ
പോടാ പട്ടി എന്ന് വിളിച്ചപ്പോൾ
അവളുടെ കണ്ണുകളില്‍ തെളിഞ്ഞ
കനലിനെ ഞാൻ ഭയപ്പെട്ടു
കർഷക തൊഴിലാളികളുടെ ജാഥയിൽ
മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ച
പെൺകുട്ടിയുടെ തീവ്രമായ ആവേശത്തെ ഞാൻ ഭയപ്പെട്ടു
കശുവണ്ടി ഫാക്ടറിയിൽ നിന്നും
കരിപുരണ്ടിറങ്ങി വന്നവളുടെ
കണ്ണുകളിലെ ചുകപ്പിനെ ഞാൻ ഭയപ്പെട്ടു,

ഞാൻ എന്റെ കാമുകിയെ കണ്ടെത്തിയത്
അമ്പലത്തിൽ വച്ചായിരുന്നു,
അതുകൊണ്ട് തന്നെ
അറുപത്തി നാല് അടി അകലെ നിന്ന
കറുത്തപെൺകുട്ടിയുടെ മുഖത്ത്
എനിക്ക് നോക്കേണ്ടി വന്നില്ല
കൈ വീശിമുഖത്തടിച്ചപ്പോഴും
പുരുഷത്ത്വത്തിന്റെ കരുത്തറിഞ്ഞു
എന്നെ ആദരിച്ചവളാണ് എന്റെ കാമുകി
തല കുനിച്ചു നിലത്ത് കാൽ വിരൽ
കൊണ്ടവൾ കളം വരച്ചു
അവൾ എന്റെ പിറകിലുണ്ട്
ആഭരണത്തിലും വസ്ത്രത്തിലും
മാത്രം ശ്രദ്ധിച്ച് ...
പ്രേമം ജാതിയാണ് ,മതമാണ്
പണമാണ് വെളുത്ത നിറമാണ്
ആർക്കാണിതറിയാത്തത്
അതുകൊണ്ട് കഠിനമായ വഴി ഉപേക്ഷിച്ച്
മൃദുലവും, ലോലവുമായ പാത
ഞാൻ തിരഞ്ഞെടുത്തു
തീക്കട്ടയിലുടെ നടക്കാൻ മാത്രം
പ്രേമം എനിക്ക് സമരമല്ല..,
ആധിപത്യമാണ്.

(1999ല്‍ എഴുതിയത് )

1 അഭിപ്രായം:

  1. ഉദാത്തമായ ചിന്തകൾ! പ്രേമം എന്തുമാകട്ടെ. അതിനെ ഭയപ്പെടരുതു. താൽക്കലികമായ ഒരുഹൃദയ വിസ്പോടനം മാത്രമേ .. ഒരു അമിട്ടു പൊട്ടുന്നതു പോലെ, കണക്കാകിയാൽ പോരെ. ജീവിതമല്ലെ അതിലും മധുരം?

    മറുപടിഇല്ലാതാക്കൂ