2010 നവംബർ 17, ബുധനാഴ്‌ച

ഒരച്ചന്‍ മകള്‍ക്കയക്കേണ്ട കത്ത്

പ്രിയ മകളെ ,
അവിടുത്തെ പത്രവാര്‍ത്തകളും
ടി വി ന്യൂസും
എന്റെ ഉറക്കം കെടുത്തുന്നു
നീ ഇപ്പോഴും റോഡിന്റെ അരികു പറ്റിയല്ലേ
നടക്കുന്നത് ?
എവിടെയും ഒഴിഞ്ഞു മാറാന്‍ തന്നെയല്ലേ
ശ്രമിക്കുന്നത് ?
മോളെ അവന്‍ സിംഹവും പുലിയമാണ്
നീയോ മാന്‍ അല്ലെങ്കില്‍ മുയല്‍
മുന്നില്‍ അകപ്പെടുന്ന ഇരക്ക് പിന്നാലെ
റിലെ പോലെ ഒരുവന്‍ മറ്റൊരുവന്
കൈമാറി ,കൈമാറി അവസാനം
കിതച്ചു വീഴുന്ന ഇരയെ കൂട്ടത്തോടെ
ഭക്ഷിക്കുന്ന സിംഹത്തിന്റെ കഥ
അച്ഛന്‍ പറഞ്ഞു തന്നത്
നിനക്കിപ്പോഴും ഓര്‍മയില്ലേ ?
അത് ജീവശാസ്‌ത്രമാണ്
ഒഴിഞ്ഞു മാറുക അവന്റെ കണ്ണില്‍പ്പെടതിരിക്കുക
എന്നതാന്നു ഇരയുടെ രക്ഷ
അത് ധര്‍മ്മമാണ്
ധര്‍മ്മമാണ് കര്‍മ്മം
എന്ന ഗീതാ വചനം നീ ഇവിടെ ഓര്‍ക്കുക
പിന്നെ ആ പഴഞ്ചൊല്ലും
വാഴ മുള്ളില്‍ വീണാലും
മുള്ള് വാഴേല്‍ വീണാലും.....

മോളെ
നിനക്കറിയാമോ
അച്ഛന്റെ ഓഫീസിലെ ഒരു
ജീവനക്കാരന്‍ ഒരു ജീവനക്കാരിയെ
കയറിപ്പിടിച്ചു
അവള്‍ ഒച്ച വച്ചു എല്ലാവരും ഓടിക്കുടി
നിനക്കറിയാമോ എന്തുകൊണ്ടാണ് അത്
സംഭവിച്ചതെന്ന് ?
അവള്‍ ശരിയായ രീതിയിലല്ല
വസ്ത്രം ധരിച്ചിരുന്നത്
സാരി ഇടക്കിടെ സ്ഥാനം തെറ്റുമായിരുന്നു
അച്ഛന്‍ അവളുടെ തെറ്റിനെ
പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചു
ജീവശാസ്ത്രം പറഞ്ഞു
ഗീതാ വചനം
എന്നിട്ടും വഴങ്ങാതായപ്പോള്‍
ആ പഴഞ്ചൊല്ലും
പക്ഷേ പോലീസ് ,കോടതി എന്നിവയിലേക്ക്
അവള്‍ യാത്ര തുടര്‍ന്നു
എന്നിട്ടെന്തു സംഭവിച്ചു
പോലീസും കോടതിയും
ജീവശാസ്ത്രം തന്നെ ആവര്‍ത്തിച്ചു
ഗീതാവചനം ഉരുവിട്ടു
അവസാനം ആ പഴഞ്ചൊല്ല്
അവിടെ യഥാര്‍ത്യമായി
അച്ഛന്റെ കൂടെ ജോലി ചെയുന്ന
മായാ ആന്റിയെ കുറിച്ച് എഴുതാറില്ലേ ?
കഴിഞ്ഞ ദിവസം ആന്റിയെ അങ്കിള്‍
തല്ലിയത്രേ.
മുഖത്ത്‌ വിരല്‍ പാട് കണ്ട പ്പോള്‍
അച്ഛന്‍ അന്യേഷിച്ചതാ യിരുന്നു
എന്നാല്‍ സത്യം അറിഞ്ഞപ്പോള്‍
തെറ്റ് ആന്റിയുടെ പക്ഷത്തായിരുന്നു
രാവിലെ അങ്കിള്‍ എഴുന്നെല്‍ക്കുംപോഴോ
വൈകുന്നേരങ്ങളില്‍ ക്ഷീണിച്ചു വരുമ്പോഴോ
കൃത്യ മായി കാപ്പി കൊടുക്കാന്‍
ആന്റിക്ക് കഴിയാറി ല്ലത്രേ
അപ്പോള്‍ അച്ഛന്‍
ജീവശാസ്ത്രം പറഞ്ഞു കൊടുത്തു
പിന്നെ ഗീതയും
അവസാനം ആ പഴഞ്ചൊല്ലും
എല്ലാം കേട്ടപ്പോള്‍
അവര്‍ സന്തോഷവതിയായി

മോളെ
ഒഴിഞ്ഞു മാറുക ഒഴിഞ്ഞു മാറുക
എന്നതാണ് ശരി
അവനെ പ്രകോപിപപിക്കാതെ
പഴഞ്ചൊല്ല് ഓര്‍ത്തു കൊണ്ട്
ജീവശാസ്‌ത്രപരമായി
തല കുമ്പിട്ട് പാതയുടെ
അരികു ചേര്‍ന്ന്
നീ നടന്നു നീങ്ങുക
അവിടെ നീ സുരക്ഷിതയായിരിക്കും
നിര്‍ത്തട്ടെ
സ്നേഹപുര്‍വം
അച്ഛന്‍

(2005 ല്‍
സൂര്യനെല്ലി കേസിന്‍റെ
ഹൈ കോടതി വിധി
വന്നപ്പോള്‍ കോടതി
ഇങ്ങനെയാണ്
പറഞ്ഞതെന്ന്
തോന്നിപ്പോയി )

2 അഭിപ്രായങ്ങൾ: