പൂവള്ളി മനക്കൽ ശങ്കരന്മാരുടെയോ പുത്തേഴത്ത് നാലുകെട്ടിലെ വരാന്തകളുടെയോകാഞ്ഞിരപ്പള്ളി തറവാടിന്റെ പ്രൌഡിയുടെയോ
ഒറ്റപ്പാലത്തെ കാച്ചിയ എണ്ണയുടെയോ
തലമുറബന്ധങ്ങൾ എന്നിലില്ല
കറവക്കാരൻ ബാഹുലേയന്റെ(എന്റെ അച്ഛൻ)
ഇല്ലായ്‌മകിളിലൂടെ പിച്ചവെച്ചതിനൽ
കടൽ കടന്നു മരുഭൂമിയോടേറ്റുമുട്ടി
നേട്ടങ്ങൾ കൊയ്ത അമ്മാവന്മാരുടെ
ഔദാര്യത്തിന്റെ വളയത്തിലേക്ക്
ബാല്യം ഒതുക്കേണ്ടി വന്നു
അവയവങ്ങളും അറിവുകളും കുറച്ചു വളർന്നപ്പോൾ
എന്റെ ഗ്രാമമായ വാടാനപ്പള്ളിക്കപ്പുറം
മറ്റൊരു ലോക മുണ്ടെന്നു തിരിച്ചറിഞ്ഞപ്പോൾ
ഒരു ദിവസം രാത്രി ഞാൻ ഇറങ്ങി
പുറപ്പെടുമ്പോൾ എന്റെ മനസ്സിൽ
ബോംബെ എന്നാൽ ധർമേന്ദ്ര ആയിരുന്നു
പക്ഷെ വീറ്റി സ്റ്റേഷൻ(ബോംബെ )
എന്നെ ധർമ്മക്കാരനാക്കി മാറ്റി
ഗണപതി പൂജയുടെ പ്രസാദവും
ഭഗവാന്റെ പ്രീതിക്കായ് റോട്ടിൽ എറിഞ്ഞുടക്കുന്ന
തേങ്ങാ കഷ്ണങ്ങളും
പിശാചിന്റെ ബാധയകറ്റാൻ
കടകളുടെ മുന്നിൽ കെട്ടി തൂക്കിയിടുന്ന ചെറുനാരങ്ങയും
നഗരം എനിക്ക് വേണ്ടി മാറ്റിവച്ചു
റെയിൽവേ സ്റ്റേഷന്റെ അരികില്‍ കിടന്നിരുന്ന
അനാഥ ശവത്തിനു നേരെ ആരൊക്കെയോ എറിഞ്ഞ
ചില്ലറകളിൽ നിന്നും ഒരു രൂപ ഞാന്‍ അടിച്ചു മാറ്റി
ഒരു വടാപാവ് വാങ്ങിച്ചു തിന്നു,
സ്റ്റേഷനിലെ വെളിച്ചമില്ലാത്ത മൂലകളിൽ
ഒരു ദീദി സ്വന്തം മാംസം വിൽക്കുമ്പോൾ
അവരുടെ തന്തയില്ലാത്ത കുഞ്ഞ്
എന്റെ കൈകളിൽ കിടന്ന് കരഞ്ഞു
പ്രതിഫലത്തിന്റെ ഒരു പങ്ക് രണ്ടു രൂപ
എനിക്ക് തന്നപ്പോൾ അന്ന് രാത്രി ഞാൻ
മൂന്നു വടാപാവ് തിന്നു കിടന്നുറങ്ങി
എംസ് സുബ്ബലക്ഷ്മിയുടെ
സുപ്രഭാതം കേട്ടല്ല ഞാൻ ഉണർന്നത്
പോലീസുകാരന്റെ ലാത്തിയുടെ
ചൂട് കൊണ്ടായിരുന്നു
ഇറങ്ങിയോടി.. അടുത്ത താവളം തേടി .
ചാവക്കാട്ട് കാരനായ ഹോട്ടലുടമക്ക് എന്നോട്
ദയ തോന്നിയതു കൊണ്ടാകാം
എനിക്കവിടെ ഒരു പണി കിട്ടി..
ഒരു ഡെറ്റോൾ സോപ്പ് എനിക്ക് തന്നു കൊണ്ട്
അദ്ദേഹം പറഞ്ഞു
നാന്നായി സോപ്പ് തേച്ചു കുളിക്കുക
വൃത്തിയും വെടിപ്പും വേണം
റെയിൽ വേ സ്റ്റേഷനുകൾക്കും തെരുവുകൾക്കും വൃത്തിയില്ല
എന്നദ്ദേഹത്തോട് പറയാന്‍ എനിക്ക് കഴിഞ്ഞില്ല ,
"അങ്ങനെ ഞാൻ വൃത്തിയുള്ള വനാകാനുള്ള ശ്രമം" തുടങ്ങി